സാൻ ഫ്രാൻസിസ്കോ ബേ ഏരിയ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ ദിശയിൽ സാൻ ഫ്രാൻസിസ്കോ, സാൻ പബ്ലോ, സൂയിസൺ ഉൾക്കടലിലെ അഴിമുഖങ്ങൾ എന്നിവയെ ചുറ്റി സ്ഥിതിചെയ്യുന്ന ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ. ഈ പ്രദേശത്തിന്റെ കൃത്യമായ അതിർത്തികൾ സ്രോതസനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും മേല്പറഞ്ഞ അഴിമുഖങ്ങളുമായി അതിരുകളുള്ള അലമേഡ, കോൺട്രാ കോസ്റ്റ, മരിൻ, നാപ്പ, സാൻ ഫ്രാൻസിസ്കോ, സാൻ മറ്റേയോ, സാന്താ ക്ലാര, സൊലാനോ, സൊനോമ എന്നിങ്ങനെ ഒൻപത് കൌണ്ടികൾ ഉൾക്കൊള്ളുന്ന മേഖലയെ ഉൾക്കടൽ പ്രദേശമായി പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റ് സ്രോതസ്സുകൾ കൌണ്ടികളുടെ ഭാഗങ്ങൾ അല്ലെങ്കിൽ കൌണ്ടികൾ പൂർണ്ണമായിത്തന്നെ ഒഴിവാക്കുകയോ അതുമല്ലെങ്കിൽ ഉൾക്കടലുമായി അതിർത്തികളില്ലാത്ത സാൻ ബെനിറ്റോ, സാൻ ജൊവാക്വിൻ, സാന്താ ക്രൂസ് പോലെയുള്ള അയൽ കൌണ്ടികളേയും കൂട്ടിച്ചേർത്ത് ഈ വ്യാഖ്യാനത്തെ വിപുലീകരിക്കുകയോ ചെയ്യുന്നു.